കൊച്ചി: റോഷി അഗസ്റ്റിനുമായി സഹോദരതുല്യ ബന്ധമാണുള്ളതെന്നും ആ സ്വാതന്ത്ര്യം റോഷി അഗസ്റ്റിന് നൽകിയിട്ടുണ്ടെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. അതിൽ തർക്കങ്ങൾക്കോ ആശയക്കുഴപ്പങ്ങൾക്കോ സ്ഥാനമില്ല. ചെയർമാൻ തന്നെയാണ് തീരുമാനിക്കുന്നത്, അതിൽ സംശയം വേണ്ടയെന്ന് റോഷി അഗസ്റ്റിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി തീരുമാനിച്ചു എന്നല്ല, തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്.
മാധ്യമങ്ങൾ ഭാവനയിൽ നിന്നും വിശദീകരിക്കുന്നതുകൊണ്ടാണ് തിരുത്തേണ്ടിവരുന്നത്. മൈക്ക് തട്ടിപ്പറിക്കുകയല്ല ഉണ്ടായത്. ചാനലുകൾ നൽകുന്ന പല വാർത്തകളും സ്വന്തമായി നിർമിക്കുന്ന നരേറ്റീവുകൾ മാത്രമാണ്.
ഒരു പാർട്ടി അംഗം തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. അത് മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുന്നതുപോലെ ഗൗരവകരമായ ചർച്ചയാക്കി മാറ്റേണ്ടതില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി.
ഓരോ തെരഞ്ഞെടുപ്പും വളരെ പ്രധാനപ്പെട്ടതാണ്. വിവാദങ്ങൾക്ക് പിന്നാലെയല്ല, വികസനങ്ങൾക്ക് പിന്നാലെ പോകണം. അതനുസരിച്ച് വേണം ഈ തെരഞ്ഞെടുപ്പിനെ കാണാൻ. പാർട്ടി നേതൃത്വവും അണികളും താൻ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം, എന്നാൽ അന്തിമ തീരുമാനം പാർട്ടി പ്രഖ്യാപിക്കും. ഒരാൾ മത്സരിക്കുമെന്ന് പറയുന്നതിൽ എവിടെയാണ് ഇത്ര കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
എൽഡിഎഫിന്റെ വികസനമുന്നേറ്റ ജാഥയുടെ ശോഭ കെടുത്താൻ സംഘടിതനീക്കം നടക്കുന്നുണ്ട്. ഇതിനു പിന്നിൽ പെയ്ഡ് പ്ലാറ്റ്ഫോമാണെന്നും ഇതൊന്നും ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.